Thursday, February 18, 2010

അമ്മേ,
എന്തിനു നീ പ്രതീക്ഷകള്‍  കൊണ്ടെന്റെ
നെഞ്ചിലെ ഭാരത്തില്‍ കനലുകള്‍ കൂട്ടുന്നു..
എന്തിനു നീയെന്നെ
ഇത്രമേല്‍ സ്നേഹിക്കുന്നു..
എന്‍ ജന്മത്തിനൊരു കടം കൂടി
ചേര്‍ത്ത് വെയ്ക്കുന്നു?
അമ്മേ... ഇന്ന് നിന്‍ മുന്നില്‍
മെഴുകുതിരിയായ്  എരിയുന്ന-
തെന്‍ ഹൃദയം...
നദിയായ് ഒഴുകുന്ന-
തെന്‍ കണ്ണീര്‍...
സാന്ധ്യപ്രഭ പരത്തുന്ന-
തെന്‍ നിണം
അമ്മേ..
ഈ സ്നേഹപ്രവാഹത്തി
നണകള്‍ കെട്ടുക, തടയുക 
 ഈ സ്നേഹമെനിക്കനര്‍ഹം
പാപത്തിലോഴുകും വിശുദ്ധത
മധുരമായ് എരിയുന്ന വേദന 

എങ്കിലും, അമ്മേ
നിന്നില്‍നിന്നുയിര്കൊണ്ടതെ
മമ ജീവിതം
നിന്‍ സ്നേഹവര്‍ഷമേ 
മമ ജന്മപുണ്യം..










 

Saturday, February 13, 2010

വെളിച്ചമേ നിന്നെ വെറുക്കുന്നു ഞാന്‍

വെളിച്ചമേ നിന്നെ  വെറുക്കുന്നു ഞാന്‍
നിന്റെ വെന്പുഞ്ചിരിയും
നിന്‍ ശുഭ്ര വസ്ത്രവും
നിന്റെ കിരണങ്ങളും
വെറുക്കുന്നു ഞാന്‍
നിന്നെ ഭയക്കുന്നു ഞാന്‍
നിന്നോടടുക്കുവാന്‍ അറയ്ക്കുന്നു ഞാന്‍

കാരണം
നീ ഒന്നും മറയ്ക്കുന്നില്ല
നീ ഉള്ളപ്പോള്‍ എനിക്ക്
കരയുവാനവുന്നില്ല
ചുറ്റുമുള്ളവര്‍ കാണുമല്ലോ....
എന്റെ പുഞ്ചിരിയുടെ ചായം
കഴുകിപ്പോയാലോ..?

നീയുള്ളപ്പോള്‍
എന്റെ ആത്മാവ്
എന്നോട് സംസാരിക്കുന്നില്ല
ചുറ്റുമുള്ളവര്‍ കേള്‍ക്കുമല്ലോ...
എന്റെ ആത്മാവിന്റെ സ്വരം
അവര്‍ തിരിച്ചറിയാതിരുന്നാലോ?

നീയുള്ളപ്പോള്‍
എനിക്ക് ഹൃദയം തുറക്കുവനാവുന്നില്ല
നഷ്ടപ്പെടലുകള്‍ തീര്‍ത്ത
ചോരച്ചാലുകള്‍
മറ്റുള്ളവര്‍ കാണുമല്ലോ...
ചെമ്പരത്തിപൂവായി തെറ്റിധരിചെക്കാം.
പക്ഷെ..
അതെ എന്റെ ഹൃദയമല്ലാതാവുന്നില്ല....

നിന്റെ കിരണങ്ങള്‍ക്ക് പോലും
എന്റെ ഉള്ളു വെളിപ്പെടുത്താനാവുന്നില്ല..
കാരണം..
അവിടെ നിറയെ മുറിപ്പാടുകളാണ്...
ഇനിയും ഉണങ്ങാത്തവ...
വെളിച്ചമേ നിന്നെ  വെറുക്കുന്നു ഞാന്‍
നിന്നെ ഭയക്കുന്നു ഞാന്‍
നിന്നോടടുക്കുവാന്‍ അറയ്ക്കുന്നു ഞാന്‍ ...

ഇരുളെന്റെ പ്രിയതോഴി ..
കാരണം
എന്റെ ഭാവങ്ങള്‍
ആരും കാണുന്നില്ല
എന്റെ ശബ്ദത്തിനു പിന്നിലെ മുഖത്തെ
ആരും അന്വേഷിക്കുന്നില്ല
എന്റെ സ്വപ്നങ്ങളും എന്നെ ഭയക്കുന്നില്ല
ഇരുളിലെവിടെയെങ്കിലും
ഞാന്‍ മറഞ്ഞുപോയാലും
ആരും അറിയുകയില്ല...



  

Tuesday, February 2, 2010

സ്വപ്നമേ നീ ഉറങ്ങുക

"ഇനിയുമെത്ര സമയം കഴിയണം
ഇനനുദിക്കുവാന്‍ സത്യം ജയിക്കുവാന്‍ "

അകലെയാകാശ താരാപഥത്തിലെന്‍  
വ്യഥിതസ്വപ്നമേ നീയുറങ്ങിക്കൊള്‍ക    
ഉദയമായെന്നു കാഹളശബ്ദമൊ-
ന്നരികിലെത്തിയുണര്‍ത്തുന്നതു  വരെ
ഇലവ്പൂക്കുന്ന കാലമായെന്നോതി
ചലിതമാരുതന്‍ ചെവിയില്‍മൂളും വരെ
ഹരിതനിശ്വാസമേകി പുഴകള്‍തന്‍
കളകളാരവം കുളിരുണര്‍ത്തും  വരെ
ഉണരുവാനിനി നാഴികയേറെയെന്‍
തരളസ്വപ്നമേ നീയുറങ്ങിക്കൊള്‍ക

പ്രണയമന്നൊരു ചെറുമഴത്തുള്ളിയായ്
ഒടുവിലൊരു പ്രളയമായുയിരില്‍ നിറഞ്ഞനാള്‍
പകലുകാണാത്ത പുസ്തകതാളില-
ന്നൊരു മയില്‍‌പീലിപോല്‍ നീ വിടര്‍ന്നതും
തരളചിത്തത്തിലുന്മാദമേകി  നീ
കവിത മൂളി ചിരിച്ചുല്ലസിച്ചതും
ഒടുവിലൊരുദിനം സാമൂഹ്യനീതിതന്‍
കഠിനസത്യത്തില്‍ നീ വീണെരിഞ്ഞതും
എനിക്കോര്‍മയുണ്ട് ....

അരുത് സ്വപ്നമേ .. കൂരിരുള്‍ വീണോരെന്‍
ഇരവുകള്‍മാത്രമേകാനശക്ത  ഞാന്‍
കരളു നീറുന്നുവെങ്കിലും നിന്നെയീ
ഹൃദയശുക്തികചെപ്പിലൊളിച്ചു ഞാന്‍
അകലെയാകാശതാരാപഥത്തിലെ
അഴലുകാണാത്ത  വഴിയിലെറിഞ്ഞു ഞാന്‍


നീയുറങ്ങിക്കൊള്‍ക കാലന്തരത്തിലെന്‍
ഹൃദയവാടം തുറക്കുന്നതു വരെ
ഉദയമായെന്നു കാഹളശബ്ദമൊ-
ന്നരികിലെത്തിയുണര്‍ത്തുന്നതു  വരെ




"obliged  to Oru Deshathinte Katha for first two lines"